11:03pm 07 November 2026
NEWS
താനൂരില്‍നിന്ന് കാണാതായ രണ്ട് പ്ലസ്ടു വിദ്യാർത്ഥിനികളും മുംബൈയിൽ

06/03/2025  09:35 PM IST
nila
താനൂരില്‍നിന്ന് കാണാതായ രണ്ട് പ്ലസ്ടു വിദ്യാർത്ഥിനികളും മുംബൈയിൽ

താനൂരിൽനിന്ന് കാണാതായ രണ്ട് പ്ലസ്ടു വിദ്യാർത്ഥിനികളും മുംബൈയിൽ എത്തിയെന്ന് പൊലീസ് കണ്ടെത്തി. മുംബൈയിലെ പനവേലിലുള്ള ഒരു ബ്യൂട്ടി പാർലറിൽ പെൺകുട്ടികളെത്തിയ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇവിടെയെത്തി മുടി ട്രിം ചെയ്ത പെൺകുട്ടികൾ മുംബൈ സി.എസ്.ടി. റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നാണ് സൂചന. മുംബൈ പൊലീസിന്റെ സഹായത്തോടെ കുട്ടികളെ കണ്ടെത്താനാണ് ശ്രമം.

എടവണ്ണ സ്വദേശിയായ യുവാവിനൊപ്പമാണ് രണ്ട് പെൺകുട്ടികളും മുംബൈയിലെത്തിയതെന്നാണ് വിവരം. രണ്ട് പെൺകുട്ടികളുടെയും മൊബൈൽ ഫോണിലേക്ക് ഇയാൾ വിളിച്ചതിന് ശേഷമാണ് പെൺകുട്ടികളെ കാണാതായത് എന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. ഇയാളുടെ ടവർ ലൊക്കേഷൻ മുംബൈയിലാണെന്നും സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പെൺകുട്ടികളുടെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരിക്കുന്നത്. 

താനൂർ ദേവധാർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിനികളായ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവരെയാണ് ബുധനാഴ്ച മുതൽ കാണാതായത്. ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടിൽനിന്ന് സ്‌കൂളിലേക്ക് പോയ ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു. ഇരുവരും പരീക്ഷയ്ക്ക് ഹാജരാകാതിരുന്നവിവരം അധ്യാപകർ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്നാണ് താനൂർ പോലീസിൽ പരാതി നൽകിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img